സാലിസ്ബറി: ശനിയാഴ്ച സാലിസ്ബറിയിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ആവേശകരമായ സമാപനം. രാവിലെ എട്ടിന് രജിസ്ട്രേഷനോടെ ആരംഭിച്ച കലാമേള മത്സരങ്ങൾ 8.45 ഓടെ അഞ്ചു വേദികളിലായി ആരംഭിച്ചിരുന്നു.
സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റിയൻ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നാഷണൽ ട്രഷറർ ഷീജോ വർഗീസ് ആശംസകൾ നേർന്നു. ചടങ്ങിൽ ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം, ദേശീയ വൈസ് പ്രസിഡന്റ് റെയ്മോൾ നിധിരി, മുൻ നാഷണൽ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ബെന്നി അഗസ്റ്റിൻ, സുരേന്ദ്രൻ ആരക്കോട്ട്, രാജേഷ് രാജ്, വൈസ് പ്രസിഡന്റുമാരായ ചാർളി മാത്യു, ടെസി മാത്യു, ജോയിന്റ് സെക്രട്ടറി ശാലിനി റിജേഷ്, മറ്റു റീജിയണൽ ഭാരവാഹികൾ, സംഘാടക സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ നന്ദിയും രേഖപ്പെടുത്തി. റീജിയണൽ കലാമേളയിൽ ചരിത്ര നേട്ടവുമായാണ് ആദ്യമായി ഐഎംഎ ബാൻബറി ചാമ്പ്യൻ പട്ടത്തിൽ മുത്തമിട്ടത്.
മുൻ ചാമ്പ്യന്മാരെ പിന്തള്ളി 117 പോയിന്റുമായാണ് ഐഎംഎ ബാൻബറി ഒന്നാമതെത്തിയത്. തൊട്ടുപിന്നിൽ 108 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എസ്എംസിഎ യോവിൽ റണ്ണറപ്പായപ്പോൾ 80 പോയിന്റുമായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ സെക്കൻഡ് റണ്ണറപ്പായി.
മിൽട്ടൺ കെയ്ൻസ് മലയാളി അസോസിയേഷന്റെ(മിക്മ) ആഞ്ജലീന വെസ്റ്റിനാണ് കലാതിലകം. മോഹിനിയാട്ടത്തിലും സോളോ സോംഗിലും ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസിൽ മൂന്നാം സ്ഥാനവും നേടി പതിനൊന്ന് പോയിന്റുമായാണ് ആഞ്ജലീന വെസ്റ്റിൻ കലാതിലക പട്ടത്തിന് അർഹയായത്.
സിനിമാറ്റിക് ഡാൻസിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി എട്ടു പോയിന്റുമായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ അലൻ ബഷീർ കലാപ്രതിഭയായി. മലയാളം പദ്യപാരായണത്തിനും മലയാളം പ്രസംഗത്തിനും ഒന്നാം സ്ഥാനം നേടി സോമർസെറ്റ് മലയാളി കൾച്ചറൽ അസോയിയേഷന്റെ ഇഷാൻ ആർ. നായർ ഭാഷാകേസരി പുരസ്കാരം നേടി.
കിഡ്സ് വിഭാഗത്തിൽ സാലിസ്ബറി മലയാളി അസോസിയേഷന്റെ ജെയ്സ് ജിനോയ്സ് വ്യക്തിഗത ചാമ്പ്യനായപ്പോൾ സബ്ജൂണിയർ വിഭാഗത്തിൽ സോമർസെറ്റ് മലയാളി കൾച്ചറൽ അസോയിയേഷന്റെ ഇഷാൻ ആർ. നായർ വ്യക്തിഗത ചാമ്പ്യനായി.
ജൂണിയർ വിഭാഗത്തിൽ മിൽട്ടൺ കെയ്ൻസ് മലയാളി അസോയിയേഷന്റെ ആഞ്ജലീന വെസ്റ്റിൻ വ്യക്തിഗത ചാമ്പ്യനായപ്പോൾ സീനിയർ വിഭാഗത്തിൽ ഐഎംഎ ബാൻബറിയുടെ അക്ഷയ് ധനഞ്ജയനും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ കൃഷ്ണേന്ദു ഉണ്ണിയും വ്യക്തിഗത ചാമ്പ്യൻ പട്ടം പങ്കിട്ടു.
രാത്രി 7.30ന് ആരംഭിച്ച സമാപന സമ്മേളനം യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ ബേസിംഗ്സ്റ്റോക് കൗൺസിലർ സജീഷ് ടോം ആശംസകൾ നേർന്നു.
വിജയികൾക്ക് യുക്മ ദേശീയ റീജിയണൽ ഭാരവാഹികളും അസോസിയേഷൻ ഭാരവാഹികളും യുക്മ പ്രതിനിധികളും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. രാത്രി 9.30ന് കലാമേളയ്ക്ക് തിരശീല വീണു.